
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന് മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്റെ
ലക്ഷ്യമെന്നും പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
“”കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബിജെപി സർക്കാരിന്റെ പതിവ് ശൈലിയാണ്. റെയ്ഡിന് പിന്നിലുള്ളത് കേന്ദ്രത്തിലെ ബിജെപി സർക്കാരും സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വവും തമ്മിലുള്ള ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണ്. പിണറായി വിജയനെ വ്യക്തിപരമായി വേട്ടയാടി കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തെ തകർക്കുകയാണ് ലക്ഷ്യം. കേസിൽ പിണറായി വിജയൻ പ്രതിയല്ലാതിരിന്നിട്ടും വീട്ടിൽ റെയ്ഡ് നടത്തുന്നത് കേവലം പുകമറ സൃഷ്ടിക്കാനും പാർട്ടിയെ അപകീർത്തിപ്പെടുത്താനും വേണ്ടിയാണ്”” – എംവി ഗോവിന്ദൻ പറഞ്ഞു.
ഒരു ജനകീയ നേതാവിനെ വീട്ടിൽ തടഞ്ഞുവക്കുന്നത് ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പ്രതികാരവുമാണെന്നും ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും വ്യക്തമാക്കി. ഇത്തരം ഭീഷണികൾക്കും റെയ്ഡുകൾക്കും മുന്നിൽ കീഴടങ്ങുന്ന പാർട്ടിയല്ല സിപിഎമ്മെന്നും പാർട്ടിക്ക് ഇത്തരം കേന്ദ്ര ഏജൻസികളുടെ
അന്വേഷണങ്ങളെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ അടുത്ത ദിവസം തന്നെ നടക്കുന്ന ഈ പരിശോധനയെ രാഷ്ട്രീയ നാടകം എന്നല്ലാതെ മറ്റെങ്ങനെയാണ് വിലയിരുത്തേണ്ടത്. സിഎംആർഎലിന്റെ ഡയറിയിൽ കണ്ട പല പേരുകളിലുള്ളവരും ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ ഇരിക്കുകയാണ്, എന്നാൽ അതിനോടൊക്കെ കണ്ണടച്ചിട്ട് പിണറായി വിജയന്റെ പിറകെ തിരിയുന്നത് കൃത്യമായ രാഷ്ട്രീയ പകപോക്കലാണ്. പരിശോധനയെ യാതൊരു വിധത്തിലും തടയില്ല. എന്നാൽ ഈ രാഷ്ട്രീയ നാടകത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
















