
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ‘കേന്ദ്ര സര്‍ക്കാര്‍ തെമ്മാടികളെ’ എന്ന
മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി.ജയരാജന്‍, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. പിണറായിയെ നശിപ്പിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കാമെന്ന് കരുതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി. റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷന്‍ ആണെന്ന് മുതിര്‍ന്ന പി ജയരാജന്‍
പ്രതികരിച്ചു.
പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇഡി നടപടി. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പിണറായിയുടെ വീട്ടില്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 12 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ്, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖര്‍ എന്നിവരുടെ വീടുകളിലും
സിഎംആര്‍എല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍സ് ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയായിരുന്നു. മാസപ്പടിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമന്‍സുകള്‍ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുമാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്.
















