വടകര: റെയിൽവേ വികസനത്തിന്റെ ഭാഗമായി വടകരയിലെ ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സമരം തുടങ്ങാൻ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വടകര റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ 50 വർഷത്തിൽ

അധികമായി വടകര റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കവുമായി റെയിൽവേ മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ആർ. എം എസ് സൂപ്രണ്ടിന് റെയിൽവേയുടെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ളതായിട്ടാണ് അറിയാൻ സാധിച്ചത്. മലയോരമേഖലകളിൽ അടക്കം പോസ്റ്റൽ ഉരുപ്പടികൾ യാതൊരു തടസവും ഇല്ലാതെ വിതരണം ചെയ്യാനും, പരീക്ഷാ

സാമഗ്രികൾ, മറ്റ് അടിയന്തര പ്രാധാന്യമുള്ള ഫയലുകൾ ഒക്കെ തന്നെ ലക്ഷ്യസ്ഥാനത്തേക്ക് പെട്ടെന്ന് എത്തിക്കാൻ ആർഎംഎസ് കേന്ദ്രത്തിലൂടെ സാധിക്കുന്നുണ്ട്. വടകരയിൽ നല്ല രീതിയിൽ പ്രവർത്തനം നടത്തുന്ന ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ ചൊവ്വാഴ്ച (20/08/2024) ആർഎംഎസ് ഓഫീസിനു മുന്നിൽ ധർണ്ണസമരം നടത്താൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടാനുള്ള നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സ്ഥലം എംപിക്ക് നിവേദനം നൽകി. ആർഎംഎസ് കേന്ദ്രം നിലനിർത്തുന്നത് വരെ അതിശക്തമായ സമരമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് സി. നിജിൻ അറിയിച്ചു.