
തിരുവനന്തപുരം: കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ്
പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
തിങ്കളാഴ്ച രാത്രി പാളയത്താണ് എസ്എഫ്ഐ -കെഎസ്യു സംഘർഷം ഉണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ
എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു.
സിപിഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈയൊടിഞ്ഞിരുന്നു.
എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പോലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
















