
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ നടപടി. കേസില്‍ പ്രതികളായ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പോലീസ്
ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയാണ് ഉതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അഞ്ച് പോലീസുകാരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയുരുന്നു. പിന്നാലെയാണ് നടപടി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പോലീസുകാര്‍ കുറ്റക്കാരാണെന്ന്
പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2023 ഡിസംബറില്‍ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നാണ് ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപും ഇപ്പോഴത്തെ എംഎല്‍എയായ എ.ഡി.തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനെയും ക്രൂരമായി മര്‍ദിച്ചത്. സുരക്ഷ ഉറപ്പാക്കുക മാത്രമാണ്
ഗണ്‍മാന്മാര്‍ ചെയ്തതെന്നും അത് ‘രക്ഷാപ്രവര്‍ത്തന’മാണെന്നും പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു. മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചാണ് കേസെടുപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം എഡിജിപി ഇടപെട്ട് അട്ടിമറിച്ചെന്ന് മൊഴി പുറത്തുവന്നിരുന്നു. ഗണ്‍മാന്മാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വിവരവും പുറത്തുവന്നു.
















