വടകര: മൂന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൂവാടന്‍ ഗേറ്റ് അടിപ്പാതയിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് ചെറു വാഹനങ്ങള്‍ പോകാമെന്ന് കരാറുകാരന് പറഞ്ഞത്. ഇതിനു പിന്നാലെ ഓട്ടോറിക്ഷകളും കാറുകളും ഇരുചക്ര വാഹനങ്ങളും ഇതുവഴി കുതിച്ചു. ഇത് പൂവാടന്ഗേറ്റിന്റെ പടിഞ്ഞാറും കിഴക്കുമുള്ളവര്ക്ക് വലിയ ആശ്വാസമായി.
അടിപ്പാതയുടെ നിര്‍മാണം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്ന കാരണത്താല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. സമീപത്ത് നിര്‍മിച്ച കിണറിലെത്തുന്ന വെള്ളം പമ്പ് ചെയ്ത് കളയാന്‍ മോട്ടോര്‍ സ്ഥാപിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതോടെയാണ് തടസം നീങ്ങിയത്. ഇതിനു പിന്നാലെ ചെളി ഒഴിവാക്കുകയുമുണ്ടായി. എങ്കിലും വെള്ളത്തിന്റെ ഉറവ പൂര്‍ണമായി അടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഗ്രൗട്ട് ചെയ്ത് അടക്കുന്ന വിദഗ്ധര്‍ ഈറോഡ് നിന്നെത്തുകയും ഇതു സംബന്ധിച്ച പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ വാഹനങ്ങള്‍ക്ക്
പോകാന്‍ അനുമതി കിട്ടിയത്.
2021 മാര്‍ച്ച് 31നാണ് അടിപ്പാത പണിയുന്നതിനു വേണ്ടി പൂവാടന്‍ ലവല്‍ക്രോസ് എന്നന്നേക്കുമായി അടച്ചത്. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുമെന്നായിരുന്നു റെയില്‍വെ നല്കിയ വാഗ്ദാനം. വാക്കു പാലിക്കാന്‍ മൂന്നര വര്‍ഷം പിന്നിടേണ്ടി വന്നു. രണ്ടു കോടിയില്‍ തീരേണ്ട പ്രവൃത്തി നാലു കോടി രൂപ പിന്നിട്ടു. ഏതായാലും വാഹനങ്ങള്‍ പോകുന്നതിന് അവസരം ലഭിച്ചത് നാട്ടുകാരില്‍ അതിയായ സന്തോഷത്തിന് വഴിയൊരുക്കി.
ഇനി അടിപ്പാതക്കു മീതെ മേല്‍ക്കൂര നിര്‍മിക്കേണ്ടതുണ്ട്. വെളിച്ചത്തിന്റെ സംവിധാനവും വേണം. കിഴക്കു ഭാഗത്ത് പണിത കോണിപ്പടിയുടെ അടിഭാഗം പൂര്‍ണമായിട്ടില്ല. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ വേണ്ടതുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഓര്‍മിപ്പിക്കുന്നു.