വടകര: ഭാവി തലമുറയുടെ അടിസ്ഥാന വികസനത്തിന് ഒരു നീന്തല്‍ കുളം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ
അടിസ്ഥാനത്തില്‍ കണ്ണുക്കര തൈക്കണ്ടിതാഴ നിര്‍മിച്ച ആണ്ടി മാസ്റ്റര്‍ സ്മാരക സ്വിമ്മിങ്പൂള്‍ ഡിസംബര്‍ ഏഴിന് നാടിന് സമര്‍പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പകല്‍ മൂന്നിന് യുവജനക്ഷേമ മന്ത്രി സജി ചെറിയാന് ജനങ്ങള്‍ക്കായി സമര്‍പിക്കും. പൊതുജനങ്ങളുടെ മാനസികവും ശാരിരികവുമായ വികാസത്തിന് എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി നിര്‍മിച്ചതാണ് ആണ്ടി മാസ്റ്റര്‍ സ്മാരക സ്വിമ്മിങ്പൂള്‍. ചുരുങ്ങിയ കാലയളവില്‍ ഒരുകൂട്ടം സുമനസ്സുകളുടെ സഹായ സഹകരണത്തോടെയാണ് ഇത് പൂര്‍ത്തികരിച്ചത്. നീന്തല്‍ വ്യായാമത്തിനുതകുന്ന രീതിയിലും മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുമാണ്
നിര്‍മ്മാണം. 5 ട്രാക്കുകളും 20×10 മീറ്റര്‍ വിസ്തൃതിയും 1.5 മീറ്റര്‍ ആഴവും പൂളിനുണ്ട്. ഷവറില്‍ കുളിച്ച് ശരീരം വൃത്തിയാക്കി പൂളിലിറങ്ങാനും, ലിംഗ ഭേദമന്യേ പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിനാവശ്യമായ വിശാലമായ ശുചി മുറികളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കാവശ്യമായ ബേബിപൂള് മറ്റൊരു സവിശേഷതയാണ്. നീന്തല്‍ പരിശീലനത്തിനാവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലകരെയും പൂളില്‍ നിയോഗിച്ചിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രണ വിധേയമാണ്. പരിശീലനത്തിനും നിന്തലിനും ആവശ്യമായ ആകര്‍ഷകമായ പാക്കേജുകള്‍ പൂളിലുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ എം.എം.സുദര്‍ശന കുമാര്‍, ഡോ. കെ.പി.ഗണേശന്, ടി.വേണു ഗോപാലന്, സന്തോഷ് മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

