വടകര: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം 26 ന് ചൊവ്വാഴ്ച വില്യാപ്പള്ളിയില്‍ നടക്കും. ഷോപ്പിംഗ് കോംപ്ലക്സ് ഹാളില്‍ രാവിലെ പത്തിന് കെപിസിസി മുന്‍പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന മഹിള-സുഹൃത് സമ്മേളനം കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബയും ഉച്ചയ്ക്ക് ശേഷം രണ്ടിന് പ്രതിനിധി സമ്മേളനം അസോസിയേഷന് ജില്ലാ സെക്രട്ടറി ഒ.എം.രാജനും ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കും വഞ്ചനാപരമായ നിലപാടുകള്‍ക്കും എതിരെ ശക്തമായ പ്രതിഷേധം സമ്മേളനത്തില്‍ ഉയരുമെന്ന് ഇവര്‍ പറഞ്ഞു. പെന്ഷന് പരിഷ്കരിക്കേണ്ട വര്‍ഷമായിട്ട് പോലും അതിന്റെ നടപടിക്രമങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാണുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. മാത്രമല്ല 2019ലെ പരിഷ്കരണത്തിന്റെ കുടിശിക പോലും തന്നുതീര്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 2022 ജനുവരി മുതലുള്ള 19 ശതമാനം ഡിഎ എന്ന് തരുമെന്ന് പറയാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.സത്യനാഥന്, സ്വാഗതസംഘം ചെയര്മാന് സി.പി.ബിജു പ്രസാദ്, സംസ്ഥാന കൗണ്‍സിലര്‍ വി.പി.സര്‍വ്വോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.