വടകര: വയനാട്ടില്‍ പ്രിയങ്ക ഗാന്ധി നേടിയ വിജയം വൈകാരികതയുടേതാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന് മൊകേരി അഭിപ്രായപ്പെട്ടു. പ്രചരണത്തിന്റെ ഒരുഘട്ടത്തില്‍പോലും രാഷ്ട്രീയം പറയാന്‍ പ്രിയങ്കഗാന്ധി തയ്യാറായില്ലെന്ന് സത്യന് മൊകേരി വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാടിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനോ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പ്രിയങ്കാഗാന്ധിയോ കോണ്‍ഗ്രസോ തയ്യാറായില്ല. ഇടതുമുന്നണിയുടെ ക്യാമ്പ് നന്നായി പ്രവര്‍ത്തിച്ചു. പക്ഷേ ഇതിനെയൊക്കെ മറികടന്നുകൊണ്ട് പ്രിയങ്കഗാന്ധിയുടെ കുടുംബ പാരമ്പര്യം, ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും രക്ഷസാക്ഷിത്വം തുടങ്ങിയ കാര്യങ്ങളിലാണ് കോണ്‍ഗ്രസ് ഫോക്കസ് ചെയ്തത്. അതിലൂടെ പ്രിയങ്കാഗാന്ധിയുടെ ഇമേജ് വര്‍ധിപ്പിക്കാനും ജനങ്ങളെ സ്വാധീനിക്കാനും അവര്‍ക്ക് കഴിഞ്ഞു.
ഇന്ത്യമുന്നണിയെ ദുര്ബലപ്പെത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് സത്യന്‍മൊകേരി കുറ്റപ്പെടുത്തി. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിനു വേണ്ടിയാണ് ഇന്ത്യമുന്നണിക്ക് രൂപംനല്കിയത്. അതിനു തയ്യാറായിക്കൊണ്ട് ആര്‍എസ്എസ് കേന്ദ്രത്തില്‍ പോരാട്ടത്തിനു നില്‍ക്കാതെ ഇടതുകേന്ദ്രത്തില്‍ വന്നാണ് പ്രിയങ്ക മത്സരിച്ചത്. കേരളത്തിലെ 90 ശതമാനത്തിലേറെ പേരും മതേതര നിലപാടുള്ളവരാണ്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയാന്‍ പോലും അവര്‍ തയ്യാറായില്ല. അതേ സമയം വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കൃത്യമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചെന്നും അതു തുടരുമെന്നും സത്യന് മൊകേരി പറഞ്ഞു. എങ്കിലും എല്‍ഡിഎഫിനുണ്ടായ തകര്‍ച്ച പരിശോധിക്കും. സിപിഎം ഉള്‍പടെ എല്ലാ ഘടകകക്ഷികളും നന്നായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.