പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ലീഡ് മാറിമറിയുന്ന കാഴ്ച. ആദ്യ റൗണ്ടുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍
മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ മൂന്നാം റൗണ്ടില്‍ യുഡിഎഫിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തി. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിലും മുന്നിലായിരുന്ന സി കൃഷ്ണകുമാര്‍ പിന്നിലായതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍
നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇതിനു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ്. രണ്ടായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ രാഹുലിന് കിട്ടിയെങ്കിലും അഞ്ചാം റൗണ്ടില്‍ സ്ഥിതി എന്‍ഡിഎക്ക് അനുകൂലമായി. സി.കൃഷ്ണകുമാര്‍ 900 വോട്ട് അധികം നേടുന്നതാണ് കണ്ടത്. ഓരോ റൗണ്ടും ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് പാലക്കാട്ടെ വോട്ടെണ്ണല്‍ നീങ്ങുന്നത്.

