വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്. വിലങ്ങാട് പാരിഷ് ഹാളില്‍ വെള്ളിയാഴ്ച നടന്ന അദാലത്തില്‍ 102 രേഖകള്‍ തത്സമയം പുന:സൃഷ്ടിച്ച് വിതരണം ചെയ്തു. 78 അപേക്ഷകള്‍ പരിശോധിച്ച് പിന്നീട് നല്‍കാനായി മാറ്റി. വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളായിരുന്നു അദാലത്തില്‍ ആകെ ലഭിച്ചത്. രാവിലെ 10ന് ആരംഭിച്ച അദാലത്തില്‍ വിവിധ വകുപ്പുകളുടെ 10 കൗണ്ടറുകളും രണ്ട് ഹെല്‍പ്പ് ഡെസ്കുകളും പ്രവര്‍ത്തിച്ചു.
ഭക്ഷ്യ സുരക്ഷ, റവന്യൂ, തദ്ദേശ സ്വയംഭരണം, മൃഗ സംരക്ഷണം, അക്ഷയ, കൃഷി,

രജിസ്ട്രേഷന്, ബാങ്ക്, മറ്റുള്ളവ തുടങ്ങിയ കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്.
13 റേഷന്‍ കാര്‍ഡ്, 22 വോട്ടര്‍ ഐഡി, 23 ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അദാലത്തില്‍ വെച്ചുതന്നെ അനുവദിച്ചു. ഗതാഗത വകുപ്പ് കൗണ്ടറില്‍ ആര്‍സി, ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച 19 അപേക്ഷകളില്‍ 16 എണ്ണം പരിഹരിച്ചു. അക്ഷയ-28,
കൃഷി-4, പട്ടയം-3, മൃഗസംരക്ഷണം-7, രജിസ്ട്രേഷന്-8, ബാങ്ക്-12, മറ്റുള്ളവ-41 എന്നിങ്ങനെയാണ് വിവിധ കൗണ്ടറുകളില്‍ ലഭിച്ച അപേക്ഷകള്‍.

റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍, താല്‍ക്കാലിക ആര് സി ബുക്ക്, താല്‍ക്കാലിക ലൈസന്‍സ് തുടങ്ങിയ രേഖകള്‍ അതിവേഗത്തിലാണ് പുന:സൃഷ്ടിച്ച് നല്‍കിയത്. അദാലത്തിന്റെ ഉദ്ഘാടനം റേഷന്‍ കാര്‍ഡ് കൈമാറി ഇ.കെ.വിജയന് എംഎല്‍എ നിര്‍വഹിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു അധ്യക്ഷത വഹിച്ചു. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, വാര്‍ഡ് മെമ്പര്‍ ഝാന്‍സി, വടകര ആര്‍ഡിഒ പി.അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസില്‍ദാര്‍
എം ടി സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു.