വളയം: തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വളയത്ത് പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇക്കാര്യത്തില്‍ യൂത്ത് ലീഗ് നേതാക്കള്‍ മെഡിക്കല്‍ ഓഫീസറെ കണ്ട് പ്രതിഷേധം അറിയിച്ചു. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ പ്രമോഷന് ലഭിച്ചതിനാല്‍ സ്ഥലം മാറിയിരിക്കുകയാണ്. മെഡിക്കല്‍ ഓഫീസര്‍ അവധിയിലുമാണ്. ഒ പിയില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഇതിലൊരാള്‍ മെഡിക്കല്‍ ഓഫിസറുടെ അധിക ചുമതല

നിര്‍വഹിക്കുന്നതിനാല്‍ രോഗികളെ പരിശോധിക്കാന്‍ കഴിയുന്നില്ല. കുട്ടികളുടെ ഒപിയില്‍ ഒരു ഡോക്ടറും ജനറല്‍ ഒപിയില്‍ മറ്റൊരു ഡോക്ടറും മാത്രമാണ് നിലവില്‍ പരിശോധന നടത്തുന്നത്. മലയോര മേഖലയില്‍ നിന്നടക്കം സാമ്പത്തിക ശേഷി ഇല്ലാത്തവരും ആദിവാസികളും ഉള്‍പ്പെടെ ദിനം പ്രതി അറുനൂറിനടുത്ത് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആതുരാലയമാണിത്. ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാത്ത തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ ചിറ്റമ്മ നയത്തിനും മെഡിക്കല്‍ ഓഫീസറുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ വൈകുന്നതിനുമെതിരെ യൂത്ത് ലീഗ് സമര മുഖം തുറക്കുമെന്ന് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ഹാരിസ് പറഞ്ഞു. തിരക്കേറിയ സമയങ്ങളില്‍ ഫാര്‍മസിയില്‍ ഒരാള്‍ മാത്രം ആയതിനാല്‍ മണിക്കൂറുകള്‍ വരിയില്‍ നിന്നതിന് ശേഷമാണ് രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയില്‍ പറഞ്ഞത് പ്രകാരം മരുന്നുകള്‍

ഉപയോഗിക്കേണ്ട വിധം പറഞ്ഞു നല്‍കുന്നില്ലെന്നും രോഗികളുടെ പേര് കവറുകളില്‍ കൃത്യമായി എഴുതി നല്‍കുന്നില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. കായകല്‍പ്പം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ വളയം കുടുംബാരോഗ്യ കേന്ദ്രത്തെ തകര്‍ക്കാനുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഏത് ശ്രമവും ചെറുത്ത് തോല്‍പ്പിക്കുമെന്നും ഹോസ്പിറ്റലിന് മുന്നില്‍ യുവജന പ്രതിരോധം തീര്‍ക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറി ഇ.വി അറഫാത്ത്, വളയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നംഷിദ് കുനിയില്‍, ജനറല്‍സെക്രട്ടറി സി എം കുഞ്ഞമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുഷാന്ത് വളയം, സി വി കുഞ്ഞബ്ദുള്ള, ഇ കെ സാദിഖ്, പി കെ നവാസ്, ആര് ജംഷീര്‍ എന്നിവര്‍ പങ്കെടുത്തു.