ചെന്നൈ: ചെന്നൈയിൽ വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ നിന്ന് കീടത്തെ ലഭിച്ചു. തിരുനെല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേഭാരത് എക്സ്പ്രസില്‍ നല്കിയ ഭക്ഷണത്തിൽ നിന്നാണ് കീടങ്ങളെ ലഭിച്ചത്. സംഭവത്തിൽ ക്ഷമാപനവുമായി ദക്ഷിണ റെയിൽവേ രംഗത്തെത്തി. ഇതിനുപിന്നാലെ ഭക്ഷണം വിതരണം ചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ട്രെയിൻ മധുരയിൽ നിന്ന് പുറപ്പെട്ടയുടൻ ഒരു യാത്രക്കാരന് നല്കിയ പ്രഭാത ഭക്ഷണത്തിലാണ് കീടങ്ങളെ ലഭിച്ചത്. ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിൽ കീടങ്ങളെ കാണുകയും യാത്രക്കാരൻ പരാതിപ്പെടുകയുമായിരുന്നു. എന്നാൽ പരാതിപ്പെട്ടപ്പോള്‍ അത് കീടമല്ല, ജീരകമാണ് എന്ന മറുപടിയാണ് റെയില്‍വേ ആദ്യം നല്‍കിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് റെയില്‍വേയുടെ ചീഫ് കാറ്ററിങ് ഇന്‍സ്പെക്ടറും ചീഫ് കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടറും നടത്തിയ പരിശോധനയിലാണ് അത് കീടങ്ങളാണെന്ന് ഉറപ്പായത്. ഇതിനുപിന്നാലെ റെയിൽവേ ഖേദം പ്രകടിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സിന്റെ തിരുനെല്‍വേലിയിലെ അടുക്കളയില്‍ നിന്നാണ് ഭക്ഷണം എത്തിച്ചതെന്ന് കണ്ടെത്തി. സാമ്പാര്‍നിറച്ച പാത്രത്തിന്റെ മൂടിയിലാണ് കീടങ്ങളുണ്ടായിരുന്നതെന്നും പാചകം ചെയ്തതിനുശേഷമാണ് അവ കടന്നതെന്നും റെയില്‍വേ വിശദീകരണം നൽകി.

സംഭവത്തിൽ ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സിന് റെയിൽവേ 50,000 രൂപ പിഴ ചുമത്തി. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ നടപടികള്‍ പിന്നീടുണ്ടാവുമെന്നുമാണ് റെയില്‍വേ നൽകിയ വിശദീകരണം. ട്രെയിനുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി.