വടകര: ചേവായൂര്‍ ബാങ്ക് പ്രശ്നത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലില്‍ വടകരയില്‍ കട അടപ്പിക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിനിടയാക്കി. എടോടിയില് സൂപ്പര്‍ മാര്‍ക്കറ്റും അഞ്ചുവിളക്ക് ജംഗ്ഷനുസമീപത്തെ ബേക്കറിയും അടപ്പിക്കാനുള്ള ശ്രമത്തെ വ്യാപാരികള്‍ ചോദ്യം ചെയ്തു. ഇരുകൂട്ടരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. എടോടിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. അഞ്ചുവിളക്കിനു സമീപത്തെ ബേക്കറിയുടെ ഷട്ടര്‍ താഴ്ത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചു. ഇതിനിടയില്‍ പാര്‍ട്ടി പതാക കെട്ടാനും ശ്രമമുണ്ടായി. സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച അവധിയായതിനാല്‍ നഗരത്തില്‍ കടകള്‍ പൊതുവെ അടച്ചിട്ടിരിക്കുകയാണ്. ഇവക്കിടയില്‍ തുറന്നവ അടപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ നടപടി ശരിയല്ലെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.അബ്ദുള്‍സലാം പറഞ്ഞു. ചേവായൂരില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചതിന് നാട്ടുകാരും വ്യാപാരികളും എന്തുപിഴച്ചെന്ന് അബ്ദുള്‍സലാം ചോദിച്ചു. ഇന്നലെ വൈകിയ വേളയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിന്റെ പേരില്‍ ആളുകളെ ദ്രോഹിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് ഇതിനു വലിയ വില നല്‍കേണ്ടിവരുമെന്നും സലാം പറഞ്ഞു.