വടകര: ബ്രിട്ടീഷ് ഭരണത്തിനുശേഷം ജവഹര്‍ലാല്‍ നെഹ്റുവിന് ഏറ്റുവാങ്ങേണ്ടിവന്ന അരവയര്‍ നിറയാന്‍ ഗതിയില്ലാത്തവരുടെ പിന്മുറയാണ് ഇന്നത്തെ ഇന്ത്യന്‍ ജനതയെന്ന സത്യം രാജ്യം ഭരിക്കുന്നവര്‍ മറന്നു പോകരുതെന്നും രാഷ്ട്രീയം, സാമ്പത്തികം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളില്‍ പോലും ചലന ശേഷിയില്ലാതിരുന്ന ഒരു ഭൂപ്രദേശത്തെ ലോകരാജ്യങ്ങളുടെ നയരൂപീകരണ മുന്‍ നിരയില്‍ എത്തിച്ചത് നെഹറുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ ആയിരുന്നെന്നും പ്രമുഖ ധനകാര്യ വിദഗ്ധനും പ്ലാനിങ്ങ് ബോര്‍ഡ് മുന്‍ ചീഫുമായ ഡോ.എന്‍.നിയതി പറഞ്ഞു. സങ്കുചിത മത ചിന്തകള്‍ക്ക് അടിമപ്പെട്ട മോദി ഭരണകൂടം മണ്മറഞ്ഞ ദേശീയ നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും മറന്നുള്ള വികല വീക്ഷണമാണ് ഭരണ നിര്‍വ്വഹണത്തില്‍ പുലര്‍ത്തുന്നതെന്ന് ഡോ.നിയതി ആരോപിച്ചു. വടകരയില്‍ ജവഹര്‍ സാംസ്കാരികസമിതി സംഘടിപ്പിച്ച നെഹ്റു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമിതി പ്രസിഡന്റ് ബി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദാക്ഷന് അനുസ്മരണ പ്രഭാഷണം നടത്തി. ഡി.പ്രജീഷ് സ്വാഗതവും ടി.ഗംഗാധരന് നന്ദിയും പറഞ്ഞു.