വട്ടോളി: 50 വര്‍ഷത്തിലേറേയായി വട്ടോളി സംസ്കൃതം സ്കൂളിന് സമീപം കച്ചവടം നടത്തിവരുന്ന കുമ്പളക്കണ്ടി ചന്ദ്രന്റെ കട തേടി എത്തുന്നവര്‍ ഏറെ.
ചന്ദ്രന് സംസ്കൃതം സ്കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുമ്പേഴാണ് അച്ഛന് കേളപ്പന് സ്കൂള്‍ കുട്ടികള്‍ക്കായി മിഠായി കടയുമായി രംഗത്ത് എത്തിയത്. കക്കന്‍ മിഠായി, നാരങ്ങ മിഠായി, കടല ബട്ട്, നൂറുക്ക്, ഉണ്ടാപ്പം എന്നിവ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്ന സ്കൂളിന് സമീപത്തെ ചുരുക്കം ചില കടകളില്‍ ഒന്നായിരുന്നു ഇത്. ഈ പ്രദേശത്ത് ഒന്നോ രണ്ടോ കട മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ചായക്കട കൂടി തുടങ്ങിയതോടെ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും അത് ഏറെ ആശ്വാസമായി. കേളപ്പേട്ടന് ശേഷം മകന് ചന്ദ്രന് കച്ചവടം ഏറ്റെടുത്തതോടെ കട ഒന്നുകൂടി സജീവമായി.
കലോത്സവങ്ങളും മറ്റ് പരിപാടികളുമായി ഭക്ഷണസാധനങ്ങളുടെ ആവശ്യവുമായി ധാരാളം പേര് എത്തുമ്പോഴും ചന്ദ്രന് തന്റെ നാടന്‍ വിഭവങ്ങളില്‍ മാറ്റം വരുത്താറില്ല. മജ്ബൂസും മറ്റ് ആധുനിക പലഹാരങ്ങളും വിറ്റ് പണം നേടാന്‍ ചന്ദ്രന് ഒരുക്കമല്ല. ചന്ദ്രന്റെ കടയുടെ മാസ്റ്റര്‍പീസ് കപ്പക്കറിയും പുട്ടും തന്നെ.
-ആനന്ദന് എലിയാറ