തിരുവനന്തപുരം: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താന്‍ പോലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണം നടത്തുന്നത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു. ആത്മകഥാ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയരാജന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
തന്റെ ആത്മകഥയെന്ന് പറഞ്ഞ് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന് പരാതിയില്‍ പറയുന്നു. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നല്കിയ പരാതിയില്‍ പറയുന്നു. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നുമാണ് ഇപിയുടെ ആരോപണം.
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയാണ് രാവിലെ തന്നെ ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദം ഉടലെടുത്തത്. തന്നെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാര്‍ട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം, നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാറിനെക്കാള്‍ ദുര്‍ബലമാണ് രണ്ടാം പിണറായി സര്‍ക്കാര്‍, തിരുത്തല്‍ വരുമെന്ന് പറഞ്ഞാല്‍ പോരാ, അടിമുതല്‍ മുടി വരെ വേണം. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഉളളടക്കത്തില്‍ പറയുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.