വടകര: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ അപകടം സംഭവിച്ച് ശരീരം തളര്‍ന്ന് കിടപ്പിലായ സിവില്‍പോലീസ് ഓഫീസര്‍ മണിയൂര്‍ മുടപ്പിലാവിലെ അനുരൂപിന്റെ സ്വപ്നഭവനം യാഥാര്‍ഥ്യമാക്കി കേരള പോലീസ് അസോസിയേഷന്. മുടപ്പിലാവില്‍ നടന്ന ഹൃദ്യമായ ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അനുരൂപിന്റെ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറി.
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണ വലയം തീര്‍ത്തു കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനമാണ് പോലീസ് സംഘടന നടത്തിയതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും സ്പീക്കര്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കൃത്യനിര്‍വഹണം നടത്തുന്നതിന് സംഘടനയുടെ പ്രവര്‍ത്തനം സഹായകരമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്.എസ്.ആര് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി, ജില്ലാ പോലീസ് മേധാവി പി.നിധിന്‍രാജ്, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, കെപിഒഎ സംസ്ഥാന ജന: സെക്രട്ടറി സി.ആര് ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുഖിലേഷ്.പി നന്ദിയും പറഞ്ഞു.
2023 ജൂലൈ 15നു പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് വാഹനം മറിഞ്ഞ് പേരാമ്പ്ര എസ്ഐക്കും രണ്ടു പോലീസുകാര്‍ക്കും ഒപ്പം അനുരൂപിനും പരിക്കേറ്റത്. സ്പൈനല്‍ കോഡ് പൊട്ടിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനുരൂപ് കോഴിക്കോട് മിംസിലും വെല്ലൂര്‍ സിഎംസിയിലും വിദഗ്ധ ചികിത്സ തേടി.
ഇതിനായി പതിനൊന്ന് ലക്ഷത്തിലധികം രൂപ പോലീസ് വെല്‍ഫെയര്‍ ബ്യൂറോ വഹിക്കാന്‍ തീരുമാനിച്ചു. തുടര്‍ ചികിത്സയ്ക്കുള്ള എട്ട് ലക്ഷത്തോളം രൂപ ജില്ലയിലെ കെപിഎ, കെപിഒഎ അംഗങ്ങളില്‍ നിന്നു സമാഹരിച്ചു.
അപകടം നടക്കുമ്പോള്‍ അനുരൂപിന്റെ വീട് നിര്‍മാണം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കിടയില്‍ വീടുപണി പ്രതിസന്ധിയിലായി. ആഴ്ചകള്‍ നീണ്ട ചികിത്സക്കൊടുവില്‍ വീട്ടിലേക്ക് തിരിച്ചെത്തിയ അനുരൂപിന്റെ സ്വപ്ന ഭവനം പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയായിരുന്നു. പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗങ്ങളില്‍ നിന്ന് 100 ൂപ വീതം സമാഹരിച്ചു. ഇങ്ങനെ ലഭിച്ച 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് യാഥാര്‍ഥ്യമാക്കിയത്. ഇതിന്റെ താക്കോല്‍ദാനമാണ് ഇന്ന് മുടപ്പിലാവില്‍ നടന്നത്.