താമരശ്ശേരി: വിദ്യാർഥികളിലൂടെ മാലിന്യ സംസ്കരണത്തിന്റെ പുതു ഗാഥകൾ രചിക്കാൻ, ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയിൽ പതിനായിരം ഹരിതഭവനങ്ങൾ പൂർത്തിയായി. പതിനായിരം ഹരിതഭവനങ്ങളുടെ പ്രഖ്യാപനം നവംബർ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടത്തായി സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് മുഖ്യാതിഥി ആകും. കൂടുതൽ ഹരിത ഭവനങ്ങൾ തീർത്ത സ്കൂളുകളെ ചടങ്ങിൽ ആദരിക്കും.മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം,
ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ സ്വയം പര്യാപ്തമായ ഘടകങ്ങൾ ആക്കി നമ്മുടെ വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ മുഴുവൻ വിദ്യാർഥികളുടെയും വീടുകൾ ഹരിത ഭവനങ്ങളും സ്കൂളുകൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുന്നത്. മൂന്ന് പെട്ടികൾ വച്ച് ആദ്യത്തേതിൽ പ്ലാസ്റ്റിക്, രണ്ടാമത്തെതിൽ ചെരിപ്പ്, ബാഗ്, തെർമോക്കോൾ, റെക്സിൻ, മൂന്നാമത്തേതിൽ ചില്ല് എന്നിവ കഴുകി ഉണക്കി ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. പെട്ടികൾ വെച്ചതിന്റെ ഫോട്ടോ ഹരിത ഭവനത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കും. ഒരു വർഷം നീണ്ടു
നിൽക്കുന്ന തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ മൂന്നു മാസത്തിലും അതുവരെ ലഭിച്ച, ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറിയതിന്റെ റസീറ്റുകൾ സ്കാൻ ചെയ്ത് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ സിൽവർ, ഗോൾഡൻ, ഡയമണ്ട്, പ്ലാറ്റിനം എന്നീ സ്ഥാനങ്ങൾ ലഭിക്കും. ഹൈസ്കൂൾ അധ്യാപകർക്കായി കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാതലത്തിലും പ്രൈമറി അധ്യാപകർക്കായി 17 ഉപജില്ലാ തലങ്ങളിലും ശില്പശാലകൾ നടത്തിയാണ് ഹരിതഭവനം പദ്ധതി നടപ്പിലാക്കിയത്. സിബിഎസ്ഇ സഹോദയ സ്കൂളുകളിലെ അധ്യാപകർക്കുള്ള പരിശീലനം ഉടനെ നടക്കും. ജില്ലയിലെ മുഴുവൻ വീടുകളും ഹരിതഭവനങ്ങൾ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ, നിറവ് സീറോ വേസ്റ്റ് മാനേജ്മെൻറ് ഡയറക്ടർ ബാബു പറമ്പത്ത് എന്നിവർ അറിയിച്ചു.