വടകര: ഡ്യൂട്ടിക്കിടെ അപകടത്തില്‍ പരിക്കേറ്റ് ശയ്യാവലംബിയായ സഹപ്രവര്‍ത്തകന് പോലീസുകാരുടെ സ്‌നേഹം നിറഞ്ഞ കരുതല്‍. പേരാമ്പ്ര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയൂര്‍ മുടപ്പിലാവില്‍ കൂത്തപ്പള്ളി താഴെ കുനി അനുരൂപിന് താങ്ങായി സഹപ്രവര്‍ത്തകര്‍ പണിത വീടിന്റെ താക്കോല്‍ ഇന്ന് കൈമാറും.
2023 ജൂലൈ 15നാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ വാഹനം മറിഞ്ഞ് എസ്ഐക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ അനുരൂപിന്റെ നില ഗുരുതരമായിരുന്നു. സ്പൈനല്‍ കോഡ് പൊട്ടിയതിനെ തുടര്‍ന്ന് കോഴിക്കോട് മിംസിലും വെല്ലൂര്‍ സിഎംസിയിലും വിദഗ്ധ ചികിത്സ തേടി. ഭാരിച്ച ചെലവാണ് നേരിടേണ്ടിവന്നത്. ഇതിനായി പതിനൊന്ന് ലക്ഷത്തിലധികം രൂപ പോലീസ് വെല്‍ഫെയര്‍ ബ്യൂറോ വഹിക്കാന്‍ തീരുമാനിച്ചു. തുടര്‍ ചികിത്സയ്ക്കുള്ള എട്ട് ലക്ഷത്തോളം രൂപ ജില്ലയിലെ കെപിഎ, കെപിഒഎ അംഗങ്ങളില്‍ നിന്നു സമാഹരിച്ചു.
അപകടം നടക്കുമ്പോള്‍ അനുരൂപിന്റെ വീട് നിര്‍മാണം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കിടയില്‍ വീടുപണി പ്രതിസന്ധിയിലായി. ആഴ്ചകള്‍ നീണ്ട ചികിത്സക്കൊടുവില്‍ വീട്ടിലേക്ക് തിരിച്ചെത്തിയ അനുരൂപിന്റെ സ്വപ്ന ഭവനം പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയായിരുന്നു. പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗങ്ങളില്‍ നിന്ന് 100 ൂപ വീതം സമാഹരിച്ചു. ഇങ്ങനെ ലഭിച്ച 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് യാഥാര്‍ഥ്യമാക്കിയത്. അനുരൂപിന്റെ തുടര്‍ ചികിത്സയ്ക്ക് വരുന്ന ഭീമമായ തുക പോലീസ് ഹൗസിങ് സഹകരണസംഘം ഭവനവായ്പ എഴുതിതള്ളുകയും ചെയ്തു.
പണി പൂര്‍ത്തിയായ സ്വപ്ന ഭവനത്തിന്റെ താക്കോല്‍ ഇന്ന് (വ്യാഴം) ഉച്ചക്ക് ശേഷം 2.30ന് നിയമസഭാ സ്പീക്കല്‍ എ.എന്‍.ഷംസീര്‍ കൈമാറും. ചടങ്ങില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, ഉത്തരമേഖലാ ഐജി കെ.സേതുരാമന്‍, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി വി.പി.നിധിന്‍ രാജ്, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുക്കും.