പേരാമ്പ്ര: പഞ്ചായത്തിലെ 17-ാം വാർഡായ എരവട്ടൂർ പൊയിലടത്തിൽ താഴെ ഇടവഴിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമല്ല, അപകടകരമായ രോഗകാരികളായ മാലിന്യങ്ങളും ഇവിടെ കഴിഞ്ഞദിവസം രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാർ ആരോപിക്കുന്നു. നിരവധി സ്ഥലങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ, ആശുപത്രി മാലിന്യങ്ങളും കേടായ കെമിക്കൽ
ബോട്ടിലുകളും പെയിന്റ് ബോട്ടിലുകളും അടങ്ങിയ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ചിരിക്കുകയാണ്. പൊതുജനാരോഗ്യത്തിന് ഏറെ ദോഷകരമായ ഇവ വായുവിനെയും ഭൂമിയെയും മലിനമാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
നാട്ടുകാർ ഈ വിഷയം പഞ്ചായത്ത് അധികാരികളെയും ജനപ്രതിനിധികളെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതോടെ ഇവർ ഉടനെ സ്ഥലത്തെത്തി. മാലിന്യത്തിന്റെ സ്വഭാവവും രീതിയും വിലയിരുത്തുകയും നിക്ഷേപിച്ചത് കാൻസർ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രദേശത്തെ
കിണറുകളിൽ മാലിന്യങ്ങൾ കലർന്നിട്ടുണ്ടോ എന്ന പരിശോധനയും ആവശ്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ വിഭാഗവും മറ്റും ഈ പരിശോധനയ്ക്ക് നേതൃത്വം നൽകും.പ്ലാസ്റ്റിക് മാലിന്യങ്ങൾ നാട്ടുകാരുടെ സുരക്ഷക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണെന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു. സ്ഥലത്തെ വായുവും ജലവും മലിനമാകുന്നത് മുൻകരുതൽ നടപടികൾ ഇല്ലെങ്കിൽ സമീപ പ്രദേശങ്ങളിലേക്കും മലിനീകരണം വ്യാപിക്കാനാണ് സാധ്യതയുണ്ട്.