തിരുവനന്തപുരം: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്തയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. താന്‍ പറയാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന ഇപിയുടെ വാക്കുകളെ തങ്ങള്‍ വിശ്വസിക്കുന്നെന്നും എം.വി ഗോവിന്ദന് പ്രതികരിച്ചു.
പുസ്തക പ്രസാധകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. ഇനി പാര്‍ട്ടി വേറെ നിയമനടപടി സ്വീകരിക്കേണ്ടല്ലോയെന്നും ഗോവിന്ദന് പറഞ്ഞു.
മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന ഗൂഢാലോചനയാണിത്. വിവാദം മൂലം ഉപതെരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടിയുമുണ്ടാകില്ല. സംഭവത്തില്‍ ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങനെയൊരു പുസ്തകം എഴുതി പൂര്‍ത്തിയാക്കിട്ടില്ലെന്നാണ് ജയരാജന് തന്നെ പറഞ്ഞത്. അതിനൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നത്. ഒരാള്‍ പുസ്തകം എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കണോയെന്ന കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. ജയരാജന്റെ വിഷയത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നു. താനാരോടാണ് ഇങ്ങനെ അതൃപ്തി പ്രകടിപ്പിച്ചതെന്ന് എംവി ഗോവിന്ദന് ചോദിച്ചു. ജയരാജന് പറയുന്നത് അങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്നാണ്. അങ്ങനെ അദ്ദേഹം പറയുമ്പോള്‍ അതില്‍ പിടിച്ചിട്ട് ചോദ്യങ്ങള്‍ ചോദിക്കേണ്ട കാര്യം തന്നെയില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ തനിക്കെന്തെങ്കിലും അതൃപ്തിയുണ്ടെന്ന് ജയരാജന് പാര്‍ട്ടിയോട് പറഞ്ഞിട്ടില്ല-എം.വി ഗോവിന്ദന് വ്യക്തമാക്കി.