കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് പോകുന്നു.
റായ്ബറേലിയിൽ നിന്നു വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയശ്രദ്ധ ആകർഷിച്ച വയനാട്ടിൽ 14,71,742 പേർക്കാണ് വോട്ടവകാശം. എൽഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ. ആകെ 16 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 11 ബൂത്തുകൾ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്.
മുൻ മന്ത്രി കെ.രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. 2.13 ലക്ഷം വോട്ടർമാർക്കായി 180 ബൂത്തുകളാണ് ചേലക്കരയിൽ സജ്ജമാക്കിയിട്ടുള്ളത്. റിസർവ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുൾപ്പടെ ആകെ 236 ഇവിഎമ്മുകൾ ക്രമീകരിച്ചിട്ടുണ്ട്.
എൻഡിഎക്കായി കെ.ബാലകൃഷ്ണനും യുഡിഎഫിനായി രമ്യ ഹരിദാസ്, എൽഡിഎഫിനായി യു.ആർ.പ്രദീപും ഉൾപ്പടെ ആറു പേരാണ് മത്സരരംഗത്തുള്ളത്.