വടകര: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. അഞ്ചുരൂപയില്‍ നിന്നു പത്തു രൂപയാക്കിയാണ് വര്‍ധനവ്. യുഡിഎഫ്, ആര്‍എംപിഐ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് കമ്മിറ്റി വര്‍ധനവ് അംഗീകരിച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു. ഡിസംബര്‍ ഒന്നു മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക. സാധാരണക്കാരന്റെ അത്താണിയായ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് വര്‍ധന നടപ്പിലാക്കുന്നതോടെ എച്ച്എംസിക്ക് ലക്ഷങ്ങളുടെ വരുമാന വര്‍ധനവാണ് ഉണ്ടാകുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളൊന്നും വര്‍ധിപ്പിക്കാതെയും ജില്ലാ ആശുപത്രി എന്നത് പേരില്‍ മാത്രം ഒതുക്കി അതിനനുസരിച്ചു സ്റ്റാഫ് പാറ്റേണില്‍ പോലും മാറ്റം വരുത്താതെ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്ന കാലത്താണ് ഒ.പി ടിക്കറ്റിന്റെ പൈസ വര്‍ധിപ്പിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാവുന്ന കാര്യമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ മുഴുവന്‍ സൗജന്യമാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ആശുപത്രിയിലെ മുഴുവന്‍ സേവനങ്ങള്‍ക്കും പണം ഏര്‍പ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. കോണ്‍ഗ്രസ് പ്രതിനിധി കെ.പി.കരുണന്, മുസ്ലിം ലീഗ് അംഗം ഒ.കെ.കുഞ്ഞബ്ദുള്ള, ആര്‍എംപിഐ പ്രതിനിധി എ.പി.ഷാജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ അജിത ചീരാം വീട്ടില്‍, ആര്.റിജു തുടങ്ങിയവരുടെ ശക്തമായ വിയോജിപ്പോടെയാണ് വര്‍ധനവിനു യോഗം അംഗീകരം നല്‍കിയത്. വര്‍ധനവ് പിന്‍വലിക്കും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു.