തൂണേരി: കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും തൂണേരി ബ്ലോക്ക് പഞ്ചായയത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പായ ‘കാർഷിക യന്ത്രം സർവ്വം ചലിതം – തൂണേരി’, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് തിങ്കളാഴ്ച ആരംഭിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ തൂണേരി ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും കർഷകരുടെ കേടുപാടായ എല്ലാ കാർഷിക യന്ത്രങ്ങളും (പെട്രോൾ/ ഡീസൽ എൻജിനുകൾ മാത്രം) അറ്റകുറ്റപ്പണി തീർത്തു നൽകും. ഈ സേവനം തികച്ചും സൗജന്യമായാണ് നൽകുന്നത്. എന്നാൽ ഏതെങ്കിലും സ്പെയർ പാർട്സുകൾ ആവശ്യമായി വന്നാൽ, ആ തുക മാത്രം കർഷകരിൽ നിന്നും ഈടാക്കുന്നതാണ്. കാർഷിക യന്ത്രങ്ങളുടെ റിപ്പയർ ചെയ്യുന്നതിനോടൊപ്പം കർഷകരിൽ
യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് അവബോധമുണ്ടാക്കി എടുക്കുന്നതിനും ഈ ക്യാമ്പ് ലക്ഷ്യം വെക്കുന്നുണ്ട്. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രം കൂത്താളിയിലെ വിദഗ്ധരായ ടെക്നിഷ്യൻമാരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ക്യാമ്പിന്റെ ഉദ്ഘടാനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ നിർവ്വഹിച്ചു. ചെക്യാട് കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി ടി എസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ ടി കെ ചടങ്ങിനു അധ്യക്ഷത വഹിച്ചു. മിഷൻ പ്രൊജക്റ്റ്
എഞ്ചിനീയർ ദിദീഷ് എം പദ്ധതി വിശദീകരണം നടത്തി. രജീന്ദ്രൻ കപ്പള്ളി (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഇന്ദിര കെ പി (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ), ബിന്ദു പുതിയോട്ടിൽ (ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൺ), എന്നിവർ ആശംസ അറിയിച്ചു. മിഷൻ പ്രൊജക്റ്റ് എഞ്ചിനീയർ അർച്ചന കെ ചടങ്ങിന് നന്ദി അറിയിച്ചു.
ക്യാമ്പിന്റെ വിശദ വിവരങ്ങൾക്കായി 9383471885 ,9497009673 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. നവംബർ 20ന് ക്യാമ്പ് അവസാനിക്കും.