വട്ടോളി: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ചെസില്‍ വട്ടോളി എന്‍എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അന്വിത ആര്.പ്രവീണിന് സ്വര്‍ണം. അച്ഛന് വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പ്രവീണിന്റെ ശിക്ഷണമാണ് മകളുടെ ഈ കുതിപ്പിനു പിന്നില്‍.
എറണാകുളത്ത് നടന്ന സ്കൂള്‍ കായിക മേളയില്‍ അന്വിത ആര്.പ്രവീണിന്റെ ഓരോ കരുനീക്കവും സ്വര്‍ണത്തിലേക്കുള്ള ചുവട് വെപ്പായി. ഈ നേട്ടം ജനുവരി 21 മുതല്‍ 24 വരെ മഹാരാഷ്ട്രയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി കളിക്കാനുള്ള അവസരമായി. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലെ വെല്ലൂരില്‍ നടന്ന ദേശീയ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി കരുക്കള്‍ നീക്കിയിട്ടുണ്ട്. ഈ മാസം മൂന്ന് മുതല്‍ 11 വരെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നടന്ന 40-ാമത് നേഷണല്‍ സബ് ജൂനിയര്‍ ഗേള്‍സ് ചെസില്‍ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഇന്റര്‍നാഷണല്‍ ഫിഡെ റാങ്കിങ്ങില്‍ 1661 റേറ്റിങ്ങോടെ വേള്‍ഡ് റാങ്കിങ്ങില്‍ ഇടം നേടാനും അന്വിത ആര്.പ്രവീണിന് കഴിഞ്ഞിട്ടുണ്ട്. മൊകേരി കടത്തനാടന്‍കല്ല് സ്വദേശി പ്രവീണിന്റേയും റീഷ്മയുടേയും മകളാണ് ഈ മിടുക്കി. അച്ഛന് പ്രവീണ്‍ ചെസില്‍ ഫിദേ റേറ്റിംഗ് പ്ലെയറാണ്.