ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവരാണ് പ്രതികൾ.
നേരത്തെ, തെളിവില്ലെന്ന് പറഞ്ഞ് ജില്ല ക്രൈംബ്രാഞ്ച് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഗണ്മാന്മാര് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചില ദൃശ്യങ്ങള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇതില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നാണ് വാദം. എന്നാൽ, ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
നവകേരള മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യൂവല്‍ കുര്യക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനേയുമാണ് വളഞ്ഞിട്ട് ആക്രമിച്ചത്.