കണ്ണൂര്‍: മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ തരംതാഴ്ത്തിയുള്ള നടപടി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്ഥിരീകരിച്ചു. പാര്‍ടിയുടെ യശസിന് കളങ്കമേല്‍പ്പിക്കുന്ന വിധത്തില്‍ പെരുമാറിയ ജില്ലാ കമ്മറ്റി അംഗമായ പി.പി.ദിവ്യയെ പാര്‍ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
പാര്‍ട്ടി നടപടി ദിവ്യയെ സിപിഎം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി.ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ വനിത ജയിലില്‍ എത്തിയാണ് പാര്‍ട്ടി നടപടി അറിയിച്ചത്.
അതേസമയം എഡിഎമ്മിന്റെ ആത്മഹത്യാക്കേസില്‍ ദിവ്യക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പതിനൊന്ന് ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിവ്യ ഇന്ന് പുറത്തിറങ്ങും. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാക്കണം, കണ്ണൂര്‍ ജില്ല വിട്ടു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിധിപകര്‍പ്പ് ലഭിച്ചാല്‍ 11 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങും. വിധിയില്‍ സന്തോഷമെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 29നാണ് ദിവ്യയെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 15നാണ് നവീന്‍ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.