തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ ജില്ല വിട്ടുപോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ.
ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കും. കൂടുതൽ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കും.