കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കീം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍ വിവരാവകാശനിയമം നിയന്ത്രിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷത്തിന്റെ സമാപനവും വിവരാവകാശ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ പൗരന്മാര്ക്ക് തടയപ്പെട്ടിരുന്ന വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ ഈ നിയമത്തിലൂടെ സാധിച്ചു. മനുഷ്യജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലും ഉപയോഗിക്കാന്‍ പറ്റുന്ന നിയമമാണ് 2005 ല്‍ രൂപംകൊണ്ട വിവരാവകാശ നിയമം. സ്വതന്ത്ര ഇന്ത്യ നടപ്പിലാക്കിയ ഏറ്റവും ശക്തവും സുതാര്യവുമായ നിയമമാണത്. മുമ്പൊക്കെ മുകളില്‍ നിന്നൊരു ശുപാര്‍ശ വന്നാല്‍ ഏതു മാനദണ്ഡവും ലംഘിച്ച് എന്തും ചെയ്തു കൊടുക്കുന്നവരായിരുന്നു ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇന്ന് വിവരവകാശ നിയമം അത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥര്‍ ഫയല്‍ എഴുതുമ്പോള്‍ നാളെ ഇതെല്ലാം ജനങ്ങള്‍ അറിയാനുള്ളതാണ് എന്ന ബോധ്യം മനസ്സിലുണ്ടായാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവാകുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വിവരാവകാശനിയമം ശരിയാംവണ്ണം ഉപയോഗിച്ചാല്‍ തീരുമാനമെടുക്കലിന് വേഗത കൈവരും. ഭരണനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായത് വിവരാവകാശ നിയമത്തിന്റെ വരവോടെയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാതല ഭരണഭാഷ സേവന പുരസ്കാരം ലഭിച്ച ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ഹോമിയോ) സീനിയര്‍ ക്ലര്‍ക്ക് എസ് കണ്ണന് ജില്ലാ കളക്ടര്‍ പുരസ്കാരം വിതരണം ചെയ്തു. എഡിഎം എന്‍ എം മെഹറലി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.