നാദാപുരം: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായതില് പ്രതിഷേധിച്ച് രാപ്പകല്‍ സമരവുമായി യൂത്ത് ലീഗ്. നാദാപുരം നിയോജക മണ്ഡലത്തിലെ പ്രധാന പാതകളായ കല്ലാച്ചി-നാദാപുരം, നാദാപുരം-പെരിങ്ങത്തൂര്‍, കുറ്റ്യാടി-തൊട്ടില്‍പ്പാലം, ചേലക്കാട്-വില്യാപ്പള്ളി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ പൊതു ജനം ദുരിത യാത്ര നടത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. നിയോജകമണ്ഡലത്തിലെ പ്രധാന ടൗണായ കല്ലാച്ചിയില്‍ നിന്ന് നാദാപുരത്ത് എത്തിച്ചേരാന്‍ അര മണിക്കൂറിലേറെയാണ് ചെലവഴിക്കേണ്ടി വരുന്നത്. നേരത്തെ യൂത്ത് ലീഗ് നേതൃത്വം വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് താല്കാലിക കുഴിയടപ്പ് നടത്തിയെങ്കിലും ആഴ്ചകള്‍ക്കകം ഒലിച്ചു പോവുകയായിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നാടകമായിരുന്നു കുഴിയടപ്പെന്ന പേരില്‍ നടന്നത്. നിലവില്‍ ഇരു ചക്ര വാഹന യാത്രികര്‍ ചതിക്കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്. നിയോജക മണ്ഡലത്തിലെ പ്രധാന പാതകളിലെ യാത്ര ദുരിതപര്വ്വമായിട്ടും സ്ഥലം എംഎല്‍എ വിഷയത്തില്‍ ഇടപെടുന്നില്ലെന്നു യൂത്ത് ലീഗ് ആരോപിച്ചു. സംസ്ഥാന പാതകള്‍ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി കല്ലാച്ചി ടൗണില്‍ നവംബര്‍ പതിനൊന്നിന് വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി പത്ത് മണി വരെ യൂത്ത് ലീഗ് രാപ്പകല്‍ സമരം നടത്തും. നാദാപുരം ലീഗ് ഹൗസില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്വെന്ഷന് മണ്ഡലം ലീഗ് ട്രഷറര്‍ ടി.കെ.ഖാലിദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.ഹംസ അധ്യക്ഷത വഹിച്ചു. വി ജലീല്‍, എ എഫ് റിയാസ്, സി ഫാസില്‍, ഒ മുനീര്‍, അറഫാത്ത് വളയം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍സെക്രട്ടറി ഇ.ഹാരിസ് സ്വാഗതം പറഞ്ഞു.