വടകര: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങി എന്ന ധാരണ പൊതു സമൂഹത്തില്‍ ജനിപ്പിക്കുമ്പോള്‍ തന്നെ അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും കടുത്ത സമരം നേരിടേണ്ടിവരുമെന്നും സമരസമിതി മുന്നറിയിപ്പു നല്കി. കേന്ദ്ര റെയില്‍വെ മന്ത്രിയുടെ അഴകൊഴമ്പന്‍ പ്രഖ്യാപനത്തിനു പിന്നാലെ ശക്തമായ പ്രതിഷേധമാണ് നാട്ടിലെങ്ങും ഉയരുന്നത്.
അതിവേഗയാത്രക്ക് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളും പുതുതായി രണ്ടു ട്രാക്കുകളുടെ പണിയും ആരംഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാവില്ല. 400 കിലോമീറ്റര്‍ ദൂരം 18 മീറ്റര്‍ ഉയരത്തില്‍ മണ്‍തിട്ട ഉയത്തി കിഴക്ക് പടിഞ്ഞാറായി വേര്‍തിരിക്കുകയും പ്രളയവും ഉരുള്‍ പൊട്ടലും മണ്ണിടിച്ചലും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കേരളത്തിലാണ് ചില സമ്പന്നര്‍ക്ക് വേണ്ടി സില്‍വര്‍ ലൈന്‍, പണി കഴിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക വിനാശത്തിലേക്ക് നയിക്കും. പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങി എന്നു പറയുമ്പോള്‍ തന്നെയാണ് അത് നടപ്പിലാക്കാനുള്ള ശ്രമം. അതിന്റെ പരിസമാപ്തിയായാണ് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനത്തെ സമരസമിതി കാണുന്നത്. ആറ് മാസം മുന്‍പ് സമരസമതി നേതാക്കള്‍ കേരളത്തിലെ എംപിമാരുടെ ഒപ്പോടുകൂടി നല്കിയ നിവേദനത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച റെയില്‍മന്ത്രി തന്നെ പദ്ധതിക്ക് അനുമതി നല്കുന്നതിന്ന് മൃദുസമീപനം സ്വീകരിക്കുന്നത് ചില രാഷ്ട്രിയ കാരണങ്ങളാണെന്ന് സമരസമതി കുറ്റപ്പെടുത്തി. എന്തുതന്നെ വന്നാലും സമരസമതിയുടെ അവസാന പ്രവര്‍ത്തകനും അവശേഷിക്കുന്നതുവരെ കേരളത്തിന്റെ നിലനില്പിന് വേണ്ടി പൊരുതുമെന്ന് സമരസമതി ജില്ലാ കണ്‍വീനര്‍ രാമചന്ദ്രന് വരപ്രത്ത് പറഞ്ഞു.
സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം വടകര പെരുവാട്ടും താഴയില്‍ പ്രതിഷേധപ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര്.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.പി.സലിം, സി.മഹമൂദ്, കീഴത്ത് അബൂബക്കര്‍, കണ്ടിയില്‍ ദിനേശന്, നടുവിലിടത്ത് രാജീവന് എന്നിവര്‍ സംസാരിച്ചു. മാണിയൂര്‍ രാജന്, അബൂബക്കര്‍ ഹാജി, ഷഫീര്‍, അഷ്റഫ് എന്നിവര്‍ നേതൃത്വംനല്കി.