വടകര: നാടിന്റെ കൗമാര കലാ മാമാങ്കത്തിന് തുടക്കമായി. ബിഇഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ നഗരസഭ വൈസ് ചെയര്മാന് പി കെ സതീശന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പ്രേമകുമാരി അധ്യക്ഷയായി. ബുധനാഴ്ച വിവിധ ഇനങ്ങളില്‍ രചനാ മത്സരവും പ്രശ്നോത്തരിയും നടന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഒമ്പതു വേദികളിലായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 300 ഇനങ്ങളിലായാണ് മത്സരം. അഞ്ച്
ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയ ഇത്തവണത്തെ സ്കൂള്‍ കലോത്സവത്തില്‍ മംഗലംകളി, പണിയ നൃത്തം, മലയപ്പുലയ ആട്ടം എന്നീ മൂന്ന് ഇനങ്ങളിലും വടകര ഉപജില്ലാ കലോത്സവത്തില്‍ മത്സരമുണ്ട്. സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രേയ രമേശ് മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമന്, കൗണ്‍സിലര്‍ വി.കെ.അസീസ്, എഇഒ വി.കെ.സുനില്‍, ബിപിസി വി .വി.വിനോദ്, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, റൊണാള്‍ഡ്
വിന്‍സന്റ്, കെ.കെ.മനോജ്, എം.പി.മുഹമ്മദ് റഫീക്, പി.പ്രമോദ്, ഇ.ടി.നഹന ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. കെ.സജിദ സ്വാഗതവും യു.ടി.കെ.അബ്ദുറഹിമാന് നന്ദിയും പറഞ്ഞു. കലോത്സവം ശനിയാഴ്ച സമാപിക്കും. വൈകിട്ട് ആറിന് കെ.കെ.രമ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമന് അധ്യക്ഷയാവും.