വടകര: വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണത്തിന് 79.11 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ്. 58.29 കോടി രൂപയില്‍ നിന്നാണ് ഈ വര്‍ധന. ഭൂമി വിട്ടു തരുന്നവരുടെ ജീവനോപാധിക്കും മതിലുകള്‍ പൊളിച്ച് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുനര്‍ നിര്‍മ്മിക്കുന്നതിനുമുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ തുക വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി സാമ്പത്തിക അനുമതി നല്‍കിയതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.
നാദാപുരം ഭാഗത്തേക്കും കുറ്റ്യാടി വഴി വയനാട്ടിലേക്കും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന 15.96 കിലോമീറ്റര്‍ നീളമുള്ള വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡിന്റെ ശോചനീയാവസ്ഥ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ എം എബ്രഹാമുമായും വിവിധ ഉദ്യോഗസ്ഥരുമായും വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ളത്. റോഡിന്റെ അനുമതി ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നാദാപുരം എംഎല്‍എ ഇ കെ വിജയനും അനുമതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കുചേര്‍ന്നു. നിരവധി യോഗങ്ങളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വടകരയിലും തിരുവനന്തപുരത്തും നടന്നത്.
സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് കിഫ്ബി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ഭൂവുടമകള്‍ എത്രയും പെട്ടെന്ന് വിട്ടുനല്‍കിയാല്‍ സ്വപ്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ പറഞ്ഞു.
ഈറോഡ് വികസനം യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം രംഗത്തും വ്യവസായ വാണിജ്യ രംഗത്തും വലിയ മാറ്റമാണ് ഉണ്ടാവുകയെന്നും നാടിന്റെ വികസനത്തിനായി എല്ലാവര്ക്കും ഒത്തുചേരാമെന്നും എംഎല്‍എ പറഞ്ഞു.