അഴിയൂർ: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥിതി പരിപാലന സംസ്കാരം സമൂഹത്തിന് പകർന്നു നൽകി ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവ വൈവിദ്ധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയതിന് ഗ്രേഡിങ് പരിശോധനയിൽ എ ഗ്രേഡ് നേടിയ ഹരിതം വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം , ഹെൽത്ത് ഇൻസ്പെക്ടർ സുജാത എൻ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ് സ്വാഗതവും വി ഇ ഒ സോജോ എ നെറ്റോ നന്ദിയും പറഞ്ഞു .സംസ്ഥാന ശിശുക്ഷേമ സമിതി
ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയതുമായ വിദ്യാർത്ഥിനി ഫാത്തിമ പി കെ യെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. കുട്ടികളുടെ ഹരിത സഭ പരിപാടി നവംബർ 14 ന് അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.