കോഴിക്കോട്: പയ്യോളി റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് കേന്ദ്രമന്ത്രിയുടെ പച്ചക്കൊടി. വികസനം ചൂണ്ടിക്കാട്ടി രാജ്യസഭാ അംഗം ഡോ.പി.ടി ഉഷ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി വരുന്നത്.
കോഴിക്കോട് നടത്തിയ കൂടിക്കാഴ്ചയില്‍ പയ്യോളി സ്റ്റേഷന് സംബന്ധിച്ച സമഗ്ര വികസനം ചര്‍ച്ചയായി.
യാത്രക്കാര്‍ ഇറങ്ങാനും കയറാനും ഏറെ ബുദ്ധിമുട്ടുന്ന പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കല്‍, പ്ലാറ്റ്ഫോം രണ്ടാം റെയില്‍വേ ക്രോസ് വരെ നീട്ടല്‍, പ്ലാറ്റ്ഫോം റൂഫിംഗ്, കൂടുതല്‍ ട്രെയിനുകള്‍, ഇരിപ്പിടങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഉള്‍പ്പെടെ എന്‍എസ്ജി 5 കാറ്റഗറിയിലുള്ള സ്റ്റേഷനിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക തുടങ്ങി സമഗ്ര വികസനം ആവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിക്ക് നിവേദനം സമര്‍പിച്ചത്. ഒപ്പം മേല്‍പാലത്തിന്റെ സാധ്യത പരിശോധിക്കുന്നതിനായി റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം പഠനം നടത്തണമെന്ന ആവശ്യവും ഉള്‍പെടുത്തിയിട്ടുണ്ട്.