അരൂര്‍: കാട്ടുപന്നി ശല്യം രൂക്ഷമായ അരൂരില്‍ ഒരാള്‍ക്ക് കൂടി പരിക്ക് പറ്റി. കാഴ്ച പരിമിതിയുള്ള വലിയപറമ്പത്ത് ഷൈജു (42) വിനാണ് പരിക്ക് പറ്റിയത്. വീട്ടില്‍ നിന്ന് ലോട്ടറി ടിക്കറ്റ് വില്പനക്കായി നടേമ്മല്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ മലയാടപ്പൊയില്‍ റോഡില്‍ പള്ളിക്കടുത്ത് വെച്ചാണ് പന്നി ആക്രമിച്ചത്. കാലിന് സാരമായി മുറിവേറ്റ ഷൈജുവിനെ നാട്ടുകാര്‍ നാദാപുരം ഗവ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കിയ ശേഷം വടകര ആശുപത്രിയിലേക്ക് മാറ്റി. പന്നികള്‍ പെരുകിയതിനെ തുടര്‍ന്ന് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് അരൂരില്‍. കൃഷി നടത്താനാകാതെ കര്‍ഷകര്‍ പ്രയാസത്തിലാണ്. സ്ഥിതി വഷളായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.