വടകര: ജെടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി കള്‍വര്‍ട്ട് നിര്‍മിക്കുന്നത് കണക്കിലെടുത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രഭാകരന് നവ കേരള സദസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനുവദിച്ചു കിട്ടിയ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന് കുറുകെ കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നത്.
ഇത് കണക്കിലെടുത്ത് നവംബര്‍ 12 മുതല്‍ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ജെടി റോഡ് പെട്രോള്‍ പമ്പിനു വടക്കുഭാഗം റോഡ് ഭാഗികമായി അടക്കും. ഇതിലൂടെ ബസിനു പോകാന്‍ മാത്രമേ അനുവാദമുള്ളൂ. പെരുവാട്ടുംതാഴ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് രാകേഷ് ഹോട്ടലിനു സമീപത്തെ റോഡ്, ചോളംവയല്‍ വഴി മാര്‍ക്കറ്റ് റോഡിലേക്ക് പ്രവേശിക്കാം. മാര്‍ക്കറ്റ് റോഡും ലിങ്ക് റോഡും വണ്‍വേ ഒഴിവാക്കി ടൂവേ സംവിധാനമാക്കി മാറ്റാനും തിരുവള്ളൂര്‍ റോഡില്‍ നിന്ന് ആശുപത്രി ഭാഗത്തേക്കു പോകുന്ന ചീരാംവീട്ടില്‍ റോഡ് വണ്‍വേയാക്കാനും തീരുമാനിച്ചു.
മാര്‍ക്കറ്റ് റോഡില്‍ ചരക്ക് കയറ്റിറക്കല്‍ സമയത്തില്‍ ക്രമീകരണം ഏര്‍പെടുത്തി. രാവിലെ ആറുമണി മുതല്‍ എട്ടുമണിവരെയും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണിവരെയുമാക്കി മാറ്റാന്‍ തീരുമാനിച്ചു. ഇതിനോട് വടകരയിലെ പൊതുസമൂഹം സഹകരിക്കണമെന്ന് ചെയര്‍പേഴ്സണ്‍ അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ഡിവൈഎസ്പി, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്. വ്യാപാര വ്യവസായി സമിതി, ഓട്ടോ തൊഴിലാളി സംഘടന പ്രതിനിധികള്‍, ബസ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.