വടകര: ഉപജില്ലാ സ്കൂൾ കലോത്സവം 6,7,8,9 തിയ്യതികളിലായി വടകര ബിഇഎംഎച്ച്എസ് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറാം തിയതി ബുധനാഴ്ച സ്റ്റേജ് ഇതര മത്സരങ്ങളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. വ്യാഴം രാവിലെ 10.30 ന് കെ.കെ.രമ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷയാകും. സ്റ്റാർ സിംഗർ ഫെയിം ശ്രേയ
രമേശ് മുഖ്യാതിഥിയായി പങ്കെടുക്കും. എൽപി, യുപി, ഹൈസ്കൂൾ ഹയർസെക്കണ്ടറിയിൽ നിന്നായി ആകെ മുന്നോറോളം ഇനങ്ങളിലാണ് മത്സരം. സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ അഞ്ച് ഗോത്ര ഇനങ്ങളിൽ മൂന്നെണ്ണത്തിൽ വടകരയിൽ മത്സരം നടക്കും. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവ്തതിൽ 5000 വിദ്യാർത്ഥികൾ മാറ്റുരക്കും. മത്സരാർഥികൾക്കും കാണികൾക്കുമായി വിശാലമായ സൗകര്യങ്ങളാണ് ബി ഇ എം ഹയർസെക്കണ്ടറി സ്കൂളിൽ
സഘാടക സമിതി ഒരുക്കിയിരിക്കുന്നത്. വടകര മേഖലയിലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ പേരുകളിലാണ് ഒമ്പത് വേദികൾ ഒരുക്കിയിരിക്കുന്നത്.
വാർത്താസമ്മേളനത്തിൽ വടകര ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ വി.കെ.സുനിൽ, കലോത്സവ കൺവീനർ സജിത കെ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ മുഹമ്മദ് റഫീഖ് എം പി, പബ്ലിസിറ്റി ചെയർമാൻ വി.കെ.അസീസ്, പ്രോഗ്രാം കൺവീനർ പ്രമേദ് പി, മീഡിയ പബ്ലിസിറ്റി കൺവീനർ ഹാഷിക്ക് പി പി,എച്ച് എം ഫോറം കൺവീനർ മനോജ്, റൊണോൾഡ് വിൻസെന്റ്റ്. അദീബ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.