വടകര: വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതം നേരിടുന്നവര്‍ക്കുള്ള സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. 35 വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 300 കോടിയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹെക്ടര്‍ കണക്കിന് കൃഷി നാശവും പൊതുമരാമത്ത് റോഡും ഗ്രാമീണ റോഡുകളും തകര്‍ന്നു. ഈ കാര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുല്‍ഖിഫില്‍, സമിതി അംഗം പി.സുരേഷ് ബാബു എന്നിവര്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസമായി വടകര നഗരസഭയില്‍ കേടായ ജനറേറ്റര്‍ മാറ്റണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വൈദ്യുതി മുടങ്ങുന്നതോടെ ജനറേറ്ററിന്റെ അഭാവംമൂലം സേവനങ്ങള്‍ തടസപ്പെടുന്നതായി സമിതിയംഗം പ്രദീപ് ചോമ്പാല ഉന്നയിച്ചു. കുടിവെള്ള പൈപ്പുകള്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പൊട്ടുന്ന കാര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്ന് വികസന സമിതി അംഗം പി.പി.രാജന് പറഞ്ഞു. ഏകോപനത്തിന്റെ അഭാവംമൂലം തോന്നിയതുപോലെ ദേശീയ പാത നിര്‍മാണ കമ്പനി പ്രവൃത്തി നടത്തുകയാണ്. ഇത് മൂലം ജല അതോറിറ്റിക്ക് വന്‍ നഷ്ടം വരുന്നതായി വകുപ്പ് പ്രതിനിധി യോഗത്തില്‍ പറഞ്ഞു. വടകര പഴയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ പൊട്ടിയ സ്ലാബുകള്‍ മാറ്റണമെന്നും സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, തഹസില്‍ദാര്‍ ഡി.രഞ്ജിത്ത്, സമിതി അംഗം ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, സമിതി അംഗങ്ങളായ ടി.എം.മുസ്തഫ, ടി.വി.ഗംഗാധരന്, ബാബു പറമ്പത്ത്, സി.കെ.കരീം എന്നിവര്‍ സംസാരിച്ചു