വടകര: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം ഈ മാസം എട്ടിന് വടകരയില്‍ നടക്കും. അന്നു വൈകുന്നേരം 4.30ന് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സാഹിത്യ അക്കാദമി ചെയര്‍മാനും പ്രശസ്ത കവിയുമായ സച്ചിദാനന്ദന് പ്രകാശനം നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രൊഫ.കടത്തനാട്ട് നാരായണന് പുസ്തകം ഏറ്റുവാങ്ങും. മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ആര്.ബാലറാം അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കര്‍ മാധവിയമ്മ അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം 3.30 ന് കവിയരങ്ങോടുകൂടിയാണ് പരിപാടി തുടങ്ങുക. വീരാന്‍കുട്ടി കവിയരങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാധവിയമ്മയുടെ കവിതകളുടെ ആലാപനവും നടക്കും.
കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാഅവാര്‍ഡ് കനിമൊഴിക്കും അല്‍ത്താഫിനും
പുരോഗമനകലാസാഹിത്യസംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏര്‍പെടുത്തിയ മാധവിയമ്മ സ്മാരക കവിതാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 15 വയസുവരെയുള്ളവരുടെ വിഭാഗത്തില്‍ കനിമൊഴിക്കും 35 വയസുവരെയുള്ളവരുടെ വിഭാഗത്തില്‍ അല്‍ത്താഫിനുമാണ് അവാര്‍ഡ്. രണ്ടുപേരും മലപ്പുറം സ്വദേശികളാണ്. ഇവര്‍ക്ക് യഥാക്രമം 2000 രൂപയും 5000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പ്രൊഫ.കടത്തനാട്ട് നാരായണന്, ഏഴാച്ചേരി രാമചന്ദ്രന്, വിനോദ് വൈശാഖി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ഗോപീ നാരായണന്, കണ്‍വീനര്‍ അനില്‍ ആയഞ്ചേരി, കെ.പി.ഗോപിനാഥ്, മധു കടത്തനാട്, എടയത്ത് ശ്രീധരന്, ഡോ.കെ.സി.വിജയരാഘവന് എന്നിവര്‍ പങ്കെടുത്തു.