ആയഞ്ചേരി: തരിശുഭൂമിയില്‍ മരച്ചീനി കൃഷി ചെയ്ത് വിജയഗാഥ രചിക്കുകയാണ് ആയഞ്ചേരിയിലെ ഒരു പറ്റം കര്‍ഷകര്‍. ചിട്ടയായ കൃഷിയിലൂടെ നല്ല വിളവ് കിട്ടിയ സന്തോഷത്തിലാണ് റിട്ട. പ്രധാന അധ്യാപകന് ചോയിക്കണ്ടി മൂസയുടെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മ. കെ.വി മൊയ്തു ഗുരുക്കള്‍, എരവത്ത് ഹാഷിം തങ്ങള്‍, ആനാണ്ടിയില്‍ മുഹമ്മദ് യൂനുസ്, സി.കെ.നജീബ് എന്നിവരടങ്ങിയ കൂട്ടായ്മയാണ് ആയഞ്ചേരി ടൗണിനടുത്തുള്ള തരിശ് ഭൂമിയില്‍ മരച്ചീനി കൃഷി ചെയ്തത്. അധ്വാനിച്ചതിന് നല്ല ഫലം കിട്ടിയെന്ന പക്ഷക്കാരാണ് ഇവര്‍. ഒരേക്കറോളം വരുന്ന സ്ഥലത്ത് പരീക്ഷണാര്‍ഥം നടത്തിയ കൃഷിയില്‍ ലാഭമുണ്ടായതായി കര്‍ഷകകൂട്ടായ്മ സാക്ഷ്യപ്പെടുത്തുന്നു.
നാടന്‍ മരച്ചീനിയ്ക്ക് ഏറെ ആവശ്യക്കാരുള്ളതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റാണ്. വിളവെടുപ്പ് തുടങ്ങിയത് മുതല്‍ ആയഞ്ചേരി ടൗണിലെ മിക്ക പച്ചക്കറി കടകളിലും ഇവരാണ് മരച്ചീനി നല്‍കുന്നത്. താരതമ്യേനെ വില കുറഞ്ഞതും സ്വാദുള്ളതുമായ മരച്ചീനിയോട് ആളുകള്‍ക്ക് പ്രത്യേകം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ആവശ്യക്കാര്‍ നാടന്‍ മരച്ചീനി തേടിയെത്തുന്നു.
രാവിലെയും വൈകിട്ടുമുള്ള ഒഴിവു സമയങ്ങളാണ് കര്‍ഷകകൂട്ടായ്മ കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. കൃഷിപ്പണിയും വിളവെടുപ്പു ജോലികളും സ്വന്തമായി ചെയ്യുന്നതിനാല്‍ മറ്റ് ചെലവുകള്‍ ഒന്നുമില്ല. കുറച്ചുകൂടെ ശ്രദ്ധയും പരിചരണവും നല്കിയാല് മരച്ചീനി കൃഷി കൂടുതല്‍ ലാഭകരമാക്കാമെന്നാണ് ഇവരുടെ സാക്ഷ്യം. മുള്ളന്പന്നിയുടെയും എലിയുടെയും ശല്യമാണ് ഈ കൃഷിക്ക് ഭീഷണി. നേരത്തെ വാഴ, പച്ചക്കറി എന്നിവയും ഇവര്‍ ഒന്നിച്ച് കൃഷി ചെയ്തിട്ടുണ്ട്. കൃഷി ലാഭകരമല്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇവരുടെ കൃഷി.
-ഇസ്മായില്‍ മടാശേരി