തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.
ഇത്തവണ 4,48,951 പേര് എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി നടക്കും. ഏപ്രില്‍ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള ഒമ്പതു തീയതികളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി അറിയിച്ചു