കോഴിക്കോട്: മലയാള ഭാഷയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുമ്പോള്‍ മലയാളം അല്ല മലയാളിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതെന്ന് എഴുത്തുകാരി ജിന്‍ഷ ഗംഗ അഭിപ്രായപ്പെട്ടു.
കേരളപ്പിറവി ദിനത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
നാട്ടിന്‍പുറങ്ങളിലും മറ്റും പ്രയോഗത്തിലുള്ള പല വാക്കുകളും ഇല്ലാതായി പോകുമോ എന്ന ആശങ്കയുണ്ടെന്ന് ജിന്‍ഷ പറഞ്ഞു.
കഥ എഴുതുമ്പോള്‍ കഥയില്‍ വരുന്ന ഒരു വാക്ക് എന്താണെന്നത് എന്നതിനെക്കുറിച്ച് നാളെ ആളുകള്‍ അന്വേഷിച്ചു പോകേണ്ടി വരുമോ എന്ന പേടിയുണ്ട്.
സമകാലീന മലയാളം എഴുത്തുകാര്‍ തന്നെ യുവതലമുറയുമായി ബന്ധപ്പെടാന്‍ ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കുന്ന
പ്രവണതയുണ്ട്-അവര്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എഡിഎം എന്‍ എം മെഹറലി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളുടെ പലവിധ പ്രശ്നങ്ങളില്‍ ഉദ്യോഗസ്ഥ തലത്തില്‍ മലയാളത്തില്‍ വേണം ഇടപെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ കെ ഹിമ (ആര്‍ആര്‍) അധ്യക്ഷത വഹിച്ചു.
ജില്ലാതല ഭരണഭാഷാസേവന പുരസ്കാരത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ഹോമിയോ) സീനിയര്‍ ക്ലര്‍ക്ക് എസ്.കണ്ണന് അര്‍ഹനായി.
സബ്കലക്ടര്‍ ഹര്‍ഷില്‍ ആര് മീണ, അസി. കളക്ടര്‍ ആയുഷ് ഗോയല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹോമിയോ ഡിഎംഒ ഡോ. കവിത പുരുഷോത്തമന്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമരാജന്‍ പി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ അനിതകുമാരി, പി പി ശാലിനി, അഡീഷണല്‍ ഡിഎംഒ എ പി ദിനേശ് കുമാര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ മനോജന് കെ പി, കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന് നന്ദിയും പറഞ്ഞു.