ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് തടയാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു.
ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും സമിതി പ്രവർത്തിക്കുക. കുറ്റകൃത്യങ്ങൾ സംഘത്തെ അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരേ പ്രചാരണ പരിപാടികള്‍ തുടങ്ങാനും തീരുമാനമായി.
ഈ വർഷം ഇതുവരെ 6,000 ത്തിലധികം ഡിജിറ്റൽ അറസ്റ്റ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ വ്യാജമായി ചമച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടെന്ന് ലക്ഷ്യമിടുന്ന വ്യക്തികളെ അറിയിച്ചാണ് സംഘം പണം തട്ടുക.
തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെതിരേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിറ്റൽ അറസ്റ്റ് എന്നത് നിയമത്തിൽ ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.