തെല്‍ അവീവ്: ഹസന് നസ്റുല്ലയുടെ മരണശേഷം ഹിസബുല്ലയുടെ തലവനായി നയീം ഖാസിം നിയമിതനായതിനു പിന്നാലെ ഭീഷണിയുമായി ഇസ്രായേല്‍ രംഗത്തെത്തി. പുതിയ തലവനെ ഉടന്‍ വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കി.
നയീം ഖാസിമിന്റെ ഫോട്ടോ പങ്കുവെച്ച് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റേതാണ് വധഭീഷണി. ‘താല്‍ക്കാലിക നിയമനം മാത്രമാണിത്, അധികകാലം നിലനില്‍ക്കില്ല’ എന്നാണ് എക്സില്‍ ഫോട്ടോക്ക് ഗാലന്റ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. നസ്റല്ലയുടേയും ഹാഷിം സഫിയിദ്ദീന്റെയും നിലപാടുകളാണ് പിന്തുടരുന്നതെങ്കില് നയീം ഖാസിമിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പ്.
സെപ്തംബര്‍ 27ലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹസന് നസറുല്ല കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നയീം ഖാസിമിനെ പുതിയ നേതാവായി ഹിസ്ബുല്ല തെരഞ്ഞെടുത്തത്. സംഘടനയുടെ ഉപമേധാവിയായിരുന്നു നയീം ഖാസിം. ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് ഖാസിമിനെ പുതിയ തലവനായി തെരഞ്ഞെടുത്തതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘടനയെ മൂന്ന് പതിറ്റാണ്ട് നയിച്ച ഹസന് നസ്റുല്ലയുടെ വിയോഗത്തോടെ വലിയ നേതൃശൂന്യത ഹിസ്ബുല്ല നേരിടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചശേഷം. ഹാഷിം സഫിയിദ്ദീന്‍ ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹത്തെയും ഇസ്രായേല്‍ കൊലപ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നയീം ഖാസിം ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലാവുന്നത്.
71കാരനും മതപണ്ഡിതനുമായ നയീം ഖാസിം ഹിസ്ബുല്ലയിലെ രണ്ടാമനായാണ് അറിയപ്പെട്ടിരുന്നത്. 1980കളുടെ തുടക്കത്തില്‍ ഹിസ്ബുല്ല രൂപീകരിച്ചത് മുതല്‍ അദ്ദേഹം പ്രവര്‍ത്തനരംഗത്ത് സജീവമാണ്. 2006ല്‍ ഇസ്രായേലുമായുള്ള യുദ്ധത്തിന് പിന്നാലെ നസ്റുല്ല ഒളിവില്‍ പോയ ശേഷം ഹിസ്ബുല്ലക്ക് വേണ്ടി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത് നയീം ഖാസിമാണ്. നസ്റുല്ലയുടെ മരണശേഷം മൂന്ന് തവണ ഖാസിം ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇസ്രായേലിനെതിരെ പോരാടാനും വിജയിക്കാനും ഹിസ്ബുല്ല തയാറാണെന്ന് സെപ്റ്റംബര്‍ 30ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.