കോഴിക്കോട്: കാസര്‍കോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് 101 പേര് 13 ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ രാജന് അറിയിച്ചു. ഇതില്‍ 80 പേര് വാര്‍ഡുകളിലും 21 പേര് ഐസിയുവിലുമാണ്. ഐസിയുവില്‍ ഉള്ളവരില്‍ ഒരാളുടെ നില ഗുരുതരവും ഏഴുപേര്‍ വെന്റിലേറ്ററിലുമാണ്.
പരിക്കേറ്റവരില്‍ ആറ് പേര് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ മിംസ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മിംസ് ആശുപത്രിയിലുള്ള ആറുപേരില്‍ നാലുപേര്‍ വെന്റിലേറ്ററിലാണ്. നാലു വയസുള്ള ഒരു കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ സംഘവുമായി കൂടിയാലോചന നടത്തിയതായി മന്ത്രി അറിയിച്ചു. വെന്റിലേറ്ററില്‍ ഉള്ളവരില്‍ അറുപത് ശതമാനം പൊള്ളലേറ്റവരുണ്ട്. അവരുടെ വിദഗ്ധ ചികിത്സയ്ക്കായി സ്കിന്‍ ഗ്രൈന്‍ഡിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണ്. സര്‍ക്കാറുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രി, പൊള്ളല്‍ ചികില്സിക്കുന്ന നാഷണല്‍ ബേണ്‍ സെന്റര്‍ എന്നിവയുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.
സ്കിന്‍ ഗ്രൈന്‍ഡിങ്ങിന് എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുക എന്നത് കേരളത്തില്‍ പ്രചാരത്തില്‍ ഇല്ലാത്തതിനാല്‍ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്. ഇതുകാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു.
അപകടത്തെക്കുറിച്ച് പോലീസ് തലത്തിലും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എഡിഎം തലത്തിലും രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നതായി മന്ത്രി രാജന് അറിയിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ്, മുന്‍ എംപി ബിനോയ് വിശ്വം എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.