വടകര: വോളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാടിൻ്റെയും വിലങ്ങാടിൻ്റെയും സാന്ത്വനത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിന് വോളി ചലഞ്ച് നടത്തുന്നു. ഓഗസ്ത് 24 ന് മേപ്പയിലെ ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ (ഐപിഎം) അക്കാദമിയിൽ വടകരയിലെ 12 പ്രമുഖ വോളി ക്ലബുകൾ പങ്കെടുക്കുന്ന ഏക ദിന വോളിബോൾ ടൂർണമെൻ്റ് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് തുടങ്ങുന്ന മത്സരം വൈകുന്നേരം ഏഴ് വരെ നീണ്ടുനിൽക്കും. ഐപിഎം, ദിശ

വോളി അക്കാദമികളിലെ കുട്ടികളുടെ പ്രദർശന മത്സരവും ഉണ്ടായിരിക്കും. ചാലഞ്ചിൽ ഐപിഎം വോളി, ഫുട്ബോൾ, അലൻ തിലക് കരാട്ടേ അക്കാദമി എന്നിവിടങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ക്രീഡ വനിതാ ഫിറ്റ്നെസ്സിലെ മെമ്പർമാരും പങ്കാളികളാവുന്നുണ്ട്. കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഈ ഉദ്യമത്തിൻ്റെ

വിജയത്തിന് വടകര വോളി കൂട്ടായ്മ എല്ലാ കായിക പ്രേമികളുടെയും നാട്ടുകാരുടെയും സഹകരണം അഭ്യർഥിച്ചു. വാർത്താ സമ്മേളനത്തിൽ ജി. ജയൻ, നരേന്ദ്രൻ കൊടുവട്ടാട്ട്, കോച്ച് ഷീജിത്ത് വി.എം, പി.എം. അശോകൻ, ടി.പി. മുസ്തഫ , രമേശൻ, രാജൻ, ജഗൻ എന്നിവർ പങ്കെടുത്തു.