ബംഗളൂരു: യുവാവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരെ ബംഗളൂരു പോലീസ് കേസെടുത്തു. 31-കാരനായ യുവാവിന്റെ പരാതിയിലാണ് കേസ്. പ്രകൃതിവിരുദ്ധ പീഡനം, ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സംവിധായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2012-ലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. സംവിധായകനായ രഞ്ജിത് ബംഗളൂരു വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി. 2012-ല്‍ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് രഞ്ജിത്തിനെ കാണുന്നത്. തന്റെ നമ്പര്‍ വാങ്ങിയ സംവിധായകന് പിന്നീട് ബംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇവിടെവെച്ച് മദ്യപിക്കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് യുവാവിന്റെ ആരോപണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവാവ് രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി പിന്നീട് ബംഗളൂരു പോലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് കർണാടക പോലീസിന് കൈമാറിയത്. കേരള പോലീസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പോലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.