
ന്യൂഡൽഹി: ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ ഒരു ദിവസത്തെ ഔദ്യോഗിക
ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം തിങ്കളാഴ്ച ദേശീയ പതാക താഴ്ത്തിക്കെട്ടും. സാധാരണയായി പതാക ഉയർത്താറുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഈ നിയമം ബാധകമായിരിക്കും. ദുഃഖാചരണ ദിനത്തിൽ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയെന്നും ഇന്ത്യയുടെ ഉ
റ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാജ്യത്തിന് വേണ്ടി ഔദ്യോഗികമായി അനുശോചനം അറിയിക്കാൻ പാർലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉടൻ തന്നെ ഖത്തർ സന്ദർശിക്കും.
1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ഷെയ്ഖ് ഹമദ്, ഊർജ-പ്രകൃതിവാതക സമ്പത്ത് ഫലപ്രദമായി വിനിയോഗിച്ച് രാജ്യത്തെ ആഗോളതലത്തിൽ സ്വാധീനമുള്ള ശക്തിയാക്കി മാറ്റി. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തർ അഭൂതപൂർവ്വമായ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വികസനം കൈവരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം
















